ബാങ്ക് ലയന വിരുദ്ധ പ്രക്ഷോഭം ശക്തമാക്കും

മലപ്പുറം : എസ് ബി ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യില്‍ ലയിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണെന്നും, ശാഖകള്‍ അടച്ചു പൂട്ടാനും സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവന ലഭ്യത ഇല്ലാതാക്കാനും കാരണമാകുമെന്നും അതിനാല്‍ സംസ്ഥാന താല്‍പ്പര്യം മാനിച്ച് ലയന തീരൂമാനം പിന്‍വലിക്കണമെന്നും എസ് ബി ടി എംപ്ലോയീസ് യൂണിയന്‍ ദേശീയ ജനറല്‍ കൗണ്‍സില്‍ പ്രമേയം മുഖേന ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജീവനക്കാരോടൊപ്പം ബാങ്കിടപാടുകാരെയും, ബഹുജനങ്ങളെയും അണി നിരത്തി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പൊതു മേഖലാ ബാങ്കിംഗ് സംവിധാനം ഇല്ലാതാകുന്നത് രാജ്യ താല്‍പ്പര്യത്തിന് എതിരാണെന്ന് പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിച്ച എ ഐ ബി എ ഇ ദേശീയ ജോ. സെക്രട്ടറി പി പി വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. എസ് ബി ഐ- എസ് ബി ടി ലയന നീക്കം തുടക്കമണെന്നും, മറ്റു പൊതു മേഖലാ ബാങ്കുകളെയും ലയിപ്പിച്ചില്ലാതാക്കി, ബാങ്കിംഗ് സേവനം സ്വകാര്യ മേഖലയുടെ കുത്തകയാക്കി സാധാരണക്കാരനില്‍ നിന്നകറ്റുക എന്നതാണ് ഭരണകൂടത്തിന്റെ അന്തിമ ലക്ഷ്യമെന്നും വര്‍ഗ്ഗീസ് സൂചിപ്പിച്ചു. എ ഐ ബി ഇ എ സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ പിള്ള, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ. മല്ലിക, എസ് ബി ടി ഇ യു സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. നാല്‍പ്പതോളം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ് ബി ടി ഇ യു ജനറല്‍ സെക്രട്ടറിയും എസ് എസ് ബി ഇ എ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ എസ് കൃഷ്ണ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. പ്രസിഡന്റ് അനിയന്‍ മാത്യു സമ്മേളന നഗരിയിലെ പതാക താഴ്ത്തിയതോടെ സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *