നിലമ്ബൂര്‍ മിനി സ്റ്റേഡിയം ഒന്നാംഘട്ട ഉദ്ഘാടനം ഇ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു

മലപ്പുറം: നിലമ്ബൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിലമ്ബൂര്‍ നഗര സഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാഛാദനം ചെയ്തു. കായികരംഗത്ത് രാജ്യത്തെ ഒന്നാംകിട സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കളിക്കളങ്ങളുടെ അഭാവം കേരളത്തില്‍ വ്യാപകമായിരുന്നുവെന്നും ഇന്ന് കായിക പ്രതിഭകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യമാണ് ഈ സര്‍ക്കാരുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയിലുള്‍പ്പെടുത്തി 18.26 കോടി ചെലവിലാണ് നിലമ്ബൂര്‍ ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് അഞ്ച് ഏക്കറില്‍ ആധുനിക മിനി സ്റ്റേഡിയം ഒരുക്കിയത്. 400 മീറ്റര്‍ ചുറ്റളവില്‍ ആറ് ലൈന്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ഫിഫ മാനദണ്ഡ പ്രകാരമുള്ള നാച്ചുറല്‍ ഫുട്‌ബോള്‍ ടര്‍ഫ്, പവലിയന്‍ ബില്‍ഡിംഗ്, ഇന്‍ഡോര്‍ ട്രെയിനിങ് കോര്‍ട്ട്, പരിശീലന നീന്തല്‍കുളം എന്നിവയാണ് ഇവിടെ സജ്ജമാക്കുന്നത്. ഇതില്‍ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായ നാച്ചുറല്‍ ഫുട്‌ബോള്‍ ടര്‍ഫ്, പവലിയന്‍ ബില്‍ഡിംഗ് എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഫുട്‌ബോള്‍ ടര്‍ഫിനോട് അനുബന്ധിച്ച്‌ സ്പ്രിംഗ്ലര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

നിലമ്ബൂര്‍ നഗര സഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, നഗരസഭാംഗങ്ങളായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം, സ്‌കറിയ , ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, വാര്‍ഡംഗം റനീഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *