തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിക്കെതിരായ നിര്‍മല സീതാരാമന്റെ പരാമര്‍ശങ്ങള്‍ ജനം മുഖവിലക്കെടുക്കാത്തത് കൊണ്ടാണ് ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇ.ഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാനാണ് ശ്രമം. കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിരു കവിഞ്ഞ വ്യഗ്രതയാണ് കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ ഇ.ഡിക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിനിടെ വനിത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വിളക്ക് പിടിച്ചത് ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറവി രോഗം വന്നിട്ടില്ലെന്നാണ് വിചാരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് എന്തെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം പ്രതിപക്ഷ നേതാവിന്റെറ പാര്‍ട്ടി കിഫ്ബിയുടെ കാര്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കിഫ്ബി പദ്ധതി സ്വന്തം മണ്ഡലത്തില്‍ വേെണ്ടന്ന് ഒരിക്കല്‍ പോലും പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല.
സ്വര്‍ണക്കടത്ത് കേസിന്റെ സമയത്ത് എന്തെല്ലാം ആരോപണങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരാളെ പോലും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച റെക്കോര്‍ഡ് പ്രതിപക്ഷ നേതാവിനാണെന്നും അദ്ദേഹം പറഞ്ഞു.
