നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കേ പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള അവസാന വീഡിയോ പങ്കുവെച്ച് പിവി അന്‍വര്‍ എംഎല്‍എ. സിയോറ ലിയോണില്‍ നിന്നും നാളെ തിരിച്ചതുമെന്ന് പി.വി അന്‍വര്‍. ഇരുപത്തി അയ്യായിരം കോടി രൂപയുടെ സ്വര്‍ണ- രത്ന ഖനന പദ്ധതിയുമായാണ് അന്‍വര്‍ തിരിച്ചെത്തുന്നത്. ഇതിലൂടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ തൊഴിലാളികളെ പറ്റിയും ജീവിത രീതിയെ പറ്റിയുമാണ് പറയുന്നത്. ഒരു പാത്രത്തില്‍ ഏഴും എട്ടും പേര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളില്‍ പെട്ടവരാണ് ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത് കാണണമെന്നും പിവി അന്‍വര്‍ വീഡിയോയില്‍ പറയുന്നു.
സ്ഥിരമായി നടത്താറുള്ള ഉംറ തീര്‍ത്ഥാടന യാത്രകളില്‍ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയുമായുള്ള സൗഹൃദമാണ് പുതിയ പദ്ധതിക്ക് കാരണമായതെന്ന് അന്‍വര്‍ പറയുന്നു. എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ അത്ഭുതം പോലെയാണ് ആഫ്രിക്കയില്‍ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. തന്‍റെ ഭാര്യ പിതാവുമായി നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കന്‍ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു.
