ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് മത്സരിക്കുന്ന പിണറായി വോട്ടര്‍മാരെ കാണാനുള്ള മണ്ഡലപര്യടനത്തില്‍ സംസാരിക്കുകയായിരുന്നു. ചെമ്ബിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.
കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനവും ക്ഷേമവും തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. നാടിന്റെ നന്മയാഗ്രഹിക്കുന്നവര്‍ക്കൊന്നും ഇത്തരം നിലപാട് സ്വീകരിക്കാനാവില്ല. ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ് എല്ലാ കാര്യത്തിലും കോണ്‍ഗ്രസും യുഡിഎഫും വച്ചു പുലര്‍ത്തിയത്. കേരളം നേരിട്ട ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തെ അപമാനിക്കാനുള്ള ബിജെപി പ്രചാരണത്തെ പ്രതിപക്ഷം അനുകൂലിച്ചു.
കേരളം കൊലക്കളം എന്ന് വരുത്തിത്തീര്‍ക്കാന്‍ 2017 ല്‍ ബിജെപി ശ്രമിച്ചു. കേരളത്തിന്റെ വികസനം തകര്‍ക്കാന്‍ ബിജെപി കണ്ട മാര്‍ഗ്ഗമാണ് കിഫ്ബിക്ക് എതിരായ നീക്കം. കേന്ദ്ര ഏജന്‍സികളെ കിഫ്ബിക്ക് എതിരെ തിരിച്ചുവിട്ടത് ബിജെപിയാണെങ്കില്‍ കോണ്‍ഗ്രസും ആ നീക്കത്തിന് പിന്തുണ നല്‍കി കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. പ്രവാസികളെ ഒരുമിപ്പിക്കാനായി തുടങ്ങിയ ലോക കേരള സഭയ്ക്കും ഇവര്‍ എതിരായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തം വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരെയും പാര വയ്ക്കാനാണ് ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. പ്രസംഗത്തിനൊടുവില്‍ ജനങ്ങളോട് മുഖ്യമന്ത്രി വോട്ട് തേടുകയും ചെയ്തു. സിപിഎമ്മിനായി ധര്‍മ്മടത്ത് ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. നാടിന്റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സര്‍ക്കാര്‍ ചെയ്തിട്ടില്ല. തുടര്‍ന്നും പിന്തുണ വേണമെന്നും പിണറായി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
