കാലിഫോര്‍ണിയ: കൗമാരകാരിയായ മകളുടെ നവജാതശിശുവിനെ ബാത്ത് ടബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ബിയാന്ത കൗര്‍ ധില്ലന് (45) എന്ന വനിതയ്ക്ക് ജീവപര്യന്തം ശിക്ഷ. പരോള്‍ ലഭിക്കാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനാണ് വിധി. മാര്‍ച്ച് അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 2018 നവംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാര പ്രായമുള്ള മകള്‍ ഒരു ദിവസം കുളിമുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുളിമുറിയില്‍ പ്രസവിച്ചു വീണ ആണ്‍കുഞ്ഞിനെയാണ് മാതാവ് കാണുന്നത്. മകളില്‍ നിന്നും കുട്ടിയെ വാങ്ങി അപമാനഭാരം ഒഴിവാക്കാന്‍ കുട്ടിയെ ആരെയെങ്കിലും വളര്‍ത്തുവാന്‍ ഏല്പിക്കാം എന്ന ഉറപ്പ് നല്കി. അല്പസമയത്തിനു ശേഷം ബിയാന്ത ബാത്ത് ടബിലെ വെള്ളത്തില്‍ കുട്ടിയെ താഴ്ത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
