കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഏപ്രില്‍ എട്ടിന് വിശദീകരണം നല്‍കണം.
താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് പട്ടികയിലുള്ള ഏതാനും ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമ്മിഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ബിഎസ്, വനിതാ കമ്മിഷന്‍, സ്കോള്‍ കേരള, തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകളാണ് സ്റ്റേ ചെയ്തത്.
താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ നിയമവിരുദ്ധമാണന്ന സുപ്രീം കോടതിയുടെ ഉത്തരവ് രാജ്യത്തെ നിയമമാണെന്നും ഇതിനു വിരുദ്ധമായ നടപടികള്‍ പാടില്ലെന്നും ഹെെക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളില്‍ മാത്രമാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്നും ചട്ടങ്ങള്‍ ലംഘിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. സ്‌പെഷ്യല്‍ റൂള്‍ പ്രകാരമാണ് നിയമനങ്ങള്‍ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്‌പെഷ്യല്‍ റൂളിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞിട്ടുണ്ട്.
