തിരുവനന്തപുരം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്ത് മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പട്ടിക വന്നു കഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാകില്ല. എല്ലാവരുടെയും അഭിനന്ദനം നേടും. സിപിഎം സ്ഥാനാര്ഥികള്ക്കെതിരേയുണ്ടായ പ്രതിഷേധം ഇവിടുണ്ടാകില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നേമത്തെ സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളില്‍ ഇപ്പോള്‍ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളില്‍ ചര്‍ച്ച തുടരുമ്ബോള്‍ 81 മണ്ഡലങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനുമാവില്ല.
നേമത്തിന് പുറമേ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്ബൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്ബി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോഴും തര്‍ക്കമുളളത്. കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരാണ് ആദ്യം ഉയര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയില്‍ നിന്ന് മത്സരിക്കുമെന്നുമാണ് പറയുന്നത്. ഇതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.
