ജിദ്ദ: സൗദിയില്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വേഗത്തില്‍ വാക്സിനെടുക്കണമെന്ന് ഉപദേശിക്കുന്നു. രാജ്യത്ത് സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മുന്‍കരുതല്‍ നടപടികളോടുള്ള പ്രതിബന്ധത പോസിറ്റീവ് കേസുകളുണ്ടാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും. ചില രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും കാണാന്‍ തുടങ്ങിയിട്ടുണ്ട്. അവയെ മൂന്നാം തരംഗങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഭൂരിഭാഗം കേസുകളും ഔദ്യോഗിക വകുപ്പുകളോ, ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരോ കണ്ടെത്തിയതാണ്. അതിനാല്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള മുന്‍കരുതല്‍ പാലിക്കുന്നതിലുള്ള ജാഗ്രത നാം തുടരണമെന്നും വക്താവ് പറഞ്ഞു.
രാജ്യത്തെ വിവിധ മേഖലകളില്‍ നല്കിയ കേവിഡ് ഡോസുകളുടെ എണ്ണം 30,26,355 എത്തിയിട്ടുണ്ട്. വാക്സിനെടുത്ത ശേഷം ഗര്‍ഭംധരിക്കല്‍ നീട്ടിവയ്ക്കേണ്ട ആവശ്യമില്ല. ഗര്ഭധാരണയെയും രക്തദാനത്തെയെന്നും അതു ബാധിക്കുന്നില്ല. രക്തം കട്ടയാകുന്നതും വാക്സിനുകളും തമ്മില്‍ ബന്ധമില്ല. അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തെറ്റാണെന്നും കൃത്യമല്ലെന്നും ബന്ധപ്പെട്ട ശാസ്ത്ര വകുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വാക്സിനെടുക്കാം. മുലയൂട്ടുന്ന സ്ത്രീയെയോ അല്ലെങ്കില്‍ ശിശുവിനെയോ വാക്സിന് ബാധിക്കില്ല. മറ്റ് പ്രായക്കാര്‍ക്ക് പുറമെ ഗള്ഭിണികള്ക്ക് വാക്സിന് നല്‍കുന്നതിനെക്കുറിച്ച് നല്ല പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
