ആചാരസംരക്ഷണം മുഖ്യ അജന്‍ഡ: അപമാനിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന്‌ മോദി

പാലക്കാട്: യു.ഡി.എഫിനും എല്‍.ഡി.എഫിനുമെതിരെ വാളെടുത്ത് നരേന്ദ്രമോദി. അഞ്ച് വര്‍ഷം ഒരു കൂട്ടരും അടുത്ത അഞ്ച് വര്‍ഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളില്‍ ഇവര്‍ രണ്ടും പേരും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു. പാലക്കാട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വര്‍ണക്കടത്തില്‍ കേരളത്തെ എല്‍.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാര്‍ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി.

ഞങ്ങളുടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കേരള സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. വിശ്വാസികളെ ആക്രമിച്ചപ്പോള്‍ മിണ്ടാതിരിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഞങ്ങളുടെ പ്രചാരണ പത്രികയില്‍ തന്നെ ആചാരസംരക്ഷണം മുഖ്യ അജന്‍ഡയാണ്. നാടിന്റെ സംസ്‌കാരത്തേയും നമ്മുടെ ആചാരത്തേയും പാരമ്ബര്യത്തേയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ് എല്‍.ഡി.എഫ് നേതാക്കള്‍.
എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും ഒരു കാര്യം പറയാം, നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങള്‍ ആക്രമിക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കി.

കേരളത്തിനായി ബി.ജെ.പിക്ക് ഒരു വിഷനുണ്ട്. ഇന്ത്യയുടെ വികസനത്തിന് ബി.ജെ.പിയുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് രാജ്യത്തെ എല്ലാ സാമൂഹിക വിഭാഗത്തില്‍ നിന്നുള്ളവരും കരുതുന്നതായി മോദി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *