മുസ്ലിം ലീഗ് നേരിടുന്നത് കടുത്ത വെല്ലുവിളികള്‍

കോഴിക്കോട്-നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുസ്ലിം ലീഗ് നേരിടുന്നത് കടുത്ത വെല്ലിവിളികള്‍.സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ പൊലിയുകയും പാര്‍ട്ടിക്ക് സീറ്റുകള്‍ കുറയുകയും ചെയ്തത് മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ട രീതി ശരിയായില്ലെന്ന വിമര്‍ശനം മുതിര്‍ന്ന നേതാക്കളില്‍ നിന്നും സാധാരണക്കാരായ പ്രവര്‍ത്തകരില്‍ നിന്നും ശക്തമാണ്.
പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി ആര്‍ക്കെന്ന ചോദ്യമാണ് ഇപ്പോള്‍ മുസ്ലിം ലീഗിന് മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലിവിളി. കെ.പി.എ മജീദ് തിരൂരങ്ങാടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് പി.എം.എ സലാമിന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍കാലികമായി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ആ പദവി സലാമില്‍ നിന്ന് ഉടനെ തിരിച്ചെടുക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അത്തരമൊരു നീക്കത്തോട് സലാമും പിന്തുണക്കുന്നവരും എന്ത് നിലപാടെടുക്കുമെന്നതും പാര്‍ട്ടി നേതൃത്വത്തെ കുഴക്കുന്ന പ്രശ്്‌നമാണ്.
സംസ്ഥാന ഭരണം കിട്ടിയില്ലെന്ന് മാത്രമല്ല. ഇത്തവണ മുസ്്‌ലിം ലീഗിന് നിയമസഭയില്‍ എം.എല്‍.എമാരുടെ എണ്ണവും കുറഞ്ഞു.ഭരണം ലഭിച്ചാല്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ എം.പി.സ്ഥാനം രാജിവെച്ച പി.കെ.കുഞ്ഞാലികുട്ടിയുടെ തീരുമാനത്തിനും തിരിച്ചടിയേറ്റു. കുഞ്ഞാലികുട്ടിയുടെ രാജി മുസ്ലിംലീഗിന് തെരഞ്ഞെടുപ്പില്‍ തിരച്ചടിയുണ്ടാകാന്‍ കാരണമായെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.
പി.കെ.അബദുറബ്ബിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടിയുടെ നിലപാടുകളെ വിമര്‍ശിച്ചത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.പാണക്കാട് കുടുംബാഗമായ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നത് പാര്‍ട്ടി അണികള്‍ രോഷാകുലരാണെന്നതിന്റെ സൂചനയാണ്.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് മുസ്്‌ലിം ലീഗിന് കരകയറണമെങ്കില്‍ നേതൃത്വം സ്വയംവിമര്‍ശനം നടത്തി നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. പ്രതിപക്ഷമെന്ന നിലയില്‍ അടുത്ത അഞ്ചുവര്‍ഷം സജീവമായ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയില്ലെങ്കില്‍ പാര്‍ട്ടിക്ക് ശക്തികേന്ദ്രങ്ങളില്‍ പോലും ബലക്ഷയമുണ്ടാകുമെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *