ഭോപ്പാല്‍: ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന കേസില്‍ കോളജ് പ്രൊഫസറായ ഭാര്യ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛത്തര്‍പുരിലാണ് സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഡോ. നീരജ് പഥക്കിനെ(65) ഭാര്യ മമത പഥക്(63) കൊലപ്പെടുത്തിയത്. ഇവര്‍ ഛത്തര്‍പുര്‍ സര്‍ക്കാര്‍ കോളജില്‍ അധ്യാപികയാണ്. പ്രതി കുറ്റം സമ്മതിച്ചു.
ഏപ്രില്‍ 29നാണ് സംഭവം. ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചാണ് കൊലനടത്തിയത്. ഏറെ നാളായി ഭര്‍ത്താവ് അസുഖ ബാധിതനാണെന്നായിരുന്നു ഇവര്‍ പോലീസിനോടു പറഞ്ഞത്. ഏപ്രില്‍ 30 ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാല്‍ ഝാന്‍സിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് സ്ഥിരമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഭര്‍ത്താവിനെ ഇവര്‍ കുളിമുറിയില്‍ പൂട്ടിയിട്ടിരുന്നു. ഇവരുടെ ഏക മകന് മാനസിക വൈകല്യമുണ്ട്.
