കോഴിക്കോട്: മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് മുന്‍ സെക്രട്ടറി ഹരികുമാറിന് സംരക്ഷണം നല്‍കണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഹരികുമാറിന്‍റെ ജീവന്‍ അപകടത്തിലാണെന്നാണ് മനസിലാക്കുന്നത്. ബാങ്ക് തട്ടിപ്പിലെ സൂത്രധാരനും ഏക സാക്ഷിയും ഹരികുമാറാണെന്നും ജലീല്‍ പറഞ്ഞു.
മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ബാങ്ക് ക്രമക്കേടിന്‍റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിലെ അന്തരിച്ച ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അബ്ദുല്‍ ഖാദര്‍ മൗലവിയെന്നാണ് മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ ആരോപിച്ചത്.
എത്രപേര്‍ ഇനി രക്തസാക്ഷി ആകുമെന്ന് കണ്ടറിയണം. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ എത്ര ദുരൂഹ മരണങ്ങളാണ് ഉണ്ടായത്. സമാന രീതിയില്‍ എ.ആര്‍. നഗര്‍ ബാങ്ക് ക്രമക്കേടിലും ദുരൂഹ മരണങ്ങള്‍ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും ജലീല്‍ പറഞ്ഞിരുന്നു.
