ന്യൂദല്‍ഹി: ഷീന ബോറ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷക്കാലത്തെ തടവ് ദീര്‍ഘ കാലളവാണ് എന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ദ്രാണി 2015 മുതല്‍ മുംബൈ ജയിലില്‍ കഴിയുകയായിരുന്നു. പ്രത്യേക സി.ബി.ഐ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ദ്രാണിക്ക് തലച്ചോറിന് ഗുരതര രോഗമുണ്ടെന്നും കേസില്‍ വിചാരണ അടുത്ത കാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രൊസ്തഗി വാദിച്ചു. ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ചത് കൊണ്ട് ഇന്ദ്രാണിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതിയും ശരിവെച്ചു. രാജ്യം വിടരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും ഉള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്.
ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി ശിക്ഷിക്കപ്പെട്ടത്. മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, െ്രെഡവര്‍ ശ്യാംവാര്‍ രാജ് എന്നിവരും ഇന്ദ്രാണിക്കൊപ്പം അറസ്റ്റിലായിരുന്നു. ഇവരെ സഹായിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്ക് 2020ല്‍ ജാമ്യം ലഭിച്ചു. പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി മകള്‍ ഷീന ബോറക്ക് ബന്ധമുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിന്നീട് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും 2019ല്‍ വിവാഹ മോചനം നേടിയിരുന്നു.
