ജയ്പൂര്‍: യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുടെ കെണിയില്‍ വീഴരുതെന്ന് ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നത് ചില പാര്‍ട്ടികളുടെ സ്വഭാവമാണ്. അതില്‍ വീണുപോവരുത്. വികസനവും ദേശീയ താല്‍പര്യവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സംതുലിതമായ വികസനത്തിനും സാമൂഹ്യനീതിക്കും സാമൂഹ്യസുരക്ഷക്കും വേണ്ടിയാണ് കഴിഞ്ഞ എട്ട് വര്‍ഷം തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപി വികസനം ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നൈമിഷികമായ നേട്ടങ്ങള്‍ക്കായി രാജ്യത്തിന്റെ ഭാവികൊണ്ട് കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
