ന്യൂഡല്‍ഹി: എല്ലാവരും ഒരു ഘട്ടത്തില്‍ അവരവരെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.
മുന്നോട്ടു പോകുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയ നടപടിയാണ്. എന്നാല്‍ എല്ലാവരും ഒരു ഘട്ടത്തില്‍ അവരവരെ കുറിച്ച് ചിന്തിക്കണം. എനിക്ക് മുന്നോട്ടുപോകാനും പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമാകാനുമുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു. ഒരു പാര്‍ട്ടിയുടെയും പ്രഭാവത്തില്‍ കടിച്ചു തൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും കപില്‍ സിബല്‍ എന്‍.ഡി.ടി.വി യോട് പറഞ്ഞു.
നിങ്ങള്‍ വളരെക്കാലം ഒരു പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും അതിന്റെ പ്രത്യയശാസ്ത്രവുമായി ഒത്തുപോവുകയും ചെയ്യുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ തനിക്ക് സമയമുണ്ടോ എന്ന് ഓരോ വ്യക്തിയും സ്വയം ചിന്തിക്കണം.
2024ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരു വേദിയില്‍ കൊണ്ടുവരാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ മെയ് 16ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ല. അതൊരു തമാശയാകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഇത് ചോര്‍ന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സിബല്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമാകാന്‍ സമയമായെന്ന് മനസിലാക്കി ഞാന്‍ അഖിലേഷ് യാദവിനെ കണ്ടു. ഒരു പാര്‍ട്ടിയുടെയും ഭാഗമാകാതെ, രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും സിബല്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്ബ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസില്‍ സംഘടനാപരമായും നേതൃത്വപരമായും വലിയ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്ന ജി-23 എന്ന 23 വിമതരുടെ ഗ്രൂപ്പിന് പിന്നിലെ പ്രേരകശക്തിയായിരുന്നു സിബല്‍.
സിബലിന്റെ രാജി ജി-23 യുടെ അവസാനമാണോ എന്ന ചോദ്യത്തിന്, താന്‍ ഇനി അതില്‍ ഇല്ലെന്നും മറ്റുള്ളവരെല്ലാം തന്റെ സുഹൃത്തുക്കളാണ്, അവര്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചാലും ഇല്ലെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം കോണ്‍ഗ്രസ് വിടുന്ന അഞ്ചാമത്തെ ഉന്നത നേതാവാണ് കപില്‍ സിബല്‍.
