യുവതിയെ ‘കുത്തിക്കൊന്നു’; ആടിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

സൗത്ത് സുഡാന്‍: കൊലപാതക കുറ്റത്തിന് ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് സൗത്ത് സുഡാന്‍ കോടതി. 45കാരി ആടിന്റെ ആക്രമണത്തില്‍ മരിച്ച സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം തന്നെ മുട്ടനാടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്ന് സുഡാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു.
ആദിയു ചാപ്പിങ് എന്ന 45 കാരിയാണ് ആടിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആട് തുടര്‍ച്ചയായി കുത്തിയതിനെതുടര്‍ന്ന് ചാപ്പിങ്ങിന്റെ വാരിയെല്ല് തകര്‍ന്നിരുന്നു. ശരീരമാസകലം പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റംബെക് ഈസ്റ്റിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മലേങ് അഗോക്കിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കേസില്‍ ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാല്‍ ആട് അറസ്റ്റിന് അര്‍ഹമാണെന്നും മേജര്‍ എലിജ മബോര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലെത്തിയതിന് പിന്നാലെയാണ് തടവ് ശിക്ഷ വിധിച്ചത്. അടുത്ത മൂന്ന് വര്‍ഷം ആട് സൈനിക ക്യാമ്പിലാകും ചെലവഴിക്കുക.
ആടിന്റെ ഉടമ ഡുവോണി മന്യാങ് ധാല്‍ മരിച്ച ചാപ്പിങ്ങിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ആടിന്റെ തടവ് കാലാവധി കഴിയുമ്പോള്‍ ഇതിനെയും ഇരയുടെ കുടുംബത്തിന് നല്‍കും. ആടിന്റെ ഉടമയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബവും ബന്ധുക്കളും അയല്‍ക്കാരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *