ഹൂഗ്ലി: തന്റെ കൂട്ടുകാരിയ്ക്ക് ശല്യമായി മാറിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി ഭാര്യ. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. ശുഭജ്യോതി ബസു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുമ്പായിരുന്നു ശുഭജ്യോതിയുടെയും പൂജയുടെയും വിവാഹം. കൃത്യമായി ആസൂത്രണം ചെയ്താണ് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അരവിന്ദ് ആനന്ദ് പറഞ്ഞു.
കൊലപാതക കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയെയും സുഹൃത്തിനെയും ഭര്‍ത്താവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജയുടെ സുഹൃത്തായ ശര്‍മിഷ്ടയെ ബസു കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ശര്‍മിഷ്ടയെ പരിചയപ്പെട്ട ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തി. ഭാര്യയ്‌ക്കൊപ്പം കഴിയുന്നതിനിടെയായിരുന്നു ഇയാള്‍ ശര്‍മിഷ്ടയുടെ പിന്നാലെ കൂടിയതും പ്രണയാഭ്യര്‍ഥന നടത്തിയതും.
ബസുവിന്റെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന യുവതി ഇക്കാര്യങ്ങളെല്ലാം തന്റെ ഭര്‍ത്താവ് സുബീറിനോടും പൂജയോടും പറഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ ചേര്‍ന്ന് ബസുവിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചതും ഗൂഢാലോചന നടത്തിയതും. തുടര്‍ന്ന് ബസുവിനെ ഹൂഗ്ലി നദിക്കരയിലുള്ള കോന്നഗറിലെ ഒരു ഇഷ്ടികകളത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെ വെച്ച് സംഘം ബസുവിന് മദ്യം നല്‍കി. ഇയാള്‍ മദ്യലഹരിയിലായതോടെ മൂന്ന് പേരും ചേര്‍ന്ന് കഴുത്തറുത്ത് തല നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ശേഷിക്കുന്ന ഉടല്‍ വാനില്‍ കയറ്റിക്കൊണ്ടുപോയി ഒവുചാലില്‍ തള്ളുകയും ചെയ്തു.
തലയില്ലാത്ത ശരീരം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയ പോലീസിന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബം ശരീരത്തിലെ ടാറ്റൂ കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്ന് പ്രതികളും അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു.
