വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ റിമാന്‍ഡിലായ പി സി ജോര്‍ജിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

സമാനമായ കുറ്റം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളില്‍ ഉള്‍പ്പെടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥന്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയെ അറിയിച്ചിരുന്നു.

വെണ്ണല കേസില്‍ ജോര്‍ജിനു കോടതി മുന്‍‌കൂര്‍ ജാമ്യവും അനുവദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയടക്കം മൂന്ന് ഹര്‍ജികളാണ് ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് മറ്റൊന്ന്.

ജാമ്യം അനുവദിക്കരുതെന്നും ഇത്തരം കേസുകള്‍ സമൂഹത്തിനു വിപത്താണെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. സമാന കുറ്റം ആവര്‍ത്തിക്കുമെന്ന ആശങ്കയുണ്ടെന്നും ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദ സാമ്ബിള്‍ എടുക്കാനും ഗൂഢാലോചനയുണ്ടോയെന്നു പരിശോധിക്കാനും കസ്റ്റഡി ആവശ്യമുണ്ടെന്നും ഡിജിപി ബോധിപ്പിച്ചു.

വെണ്ണല കേസില്‍ പാലാരിവട്ടം പൊലീസ് അനാവശ്യമായി ചോദ്യം ചെയ്യല്‍ നീട്ടിയെന്ന് ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം കേസിലെ ഉത്തരവ് കിട്ടാന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. തിരുവനന്തപുരം കോടതി പാലാരിവട്ടം കേസിലെ രേഖകള്‍ പരിശോധിച്ചാണ് ജാമ്യം റദ്ദാക്കിയതെന്നും അത് തെറ്റാണെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്തിട്ട് എന്താണ് ചെയ്യാനുള്ളതെന്നും കസ്റ്റഡിയിലെടുത്തതിന്റെ ഉദ്ദേശ്യമെന്താണന്നും കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുള്ളപ്പോള്‍ കസ്റ്റഡി എന്തിനാണെന്നു മറുപടി നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു.

ഫോര്‍ട്ട് പൊലീസ് ബുധനാഴ്ച വൈകീട്ട് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇന്നലെ രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലാ ജയിലില്‍ എത്തിച്ച ജോര്‍ജിനെ പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതാണ് അറസ്റ്റിനു വഴിവച്ചത്. ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് റിമാന്‍ഡ് ചെയ്തത്.

എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സിറ്റി എആര്‍ ക്യാമ്ബിലേക്കു മാറ്റിയിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണല മൊഴി നല്‍കാനായി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലേക്കു വരുന്നതിനിടെയാണു തിരുവനന്തപുരത്തെ കേസില്‍ ജോര്‍ജിന്റ ജാമ്യം കോടതി റദ്ദാക്കിയത്.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണു ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം കോടതി റദ്ദാക്കിയത്. ആവശ്യമെങ്കില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന്, ജാമ്യം റദ്ദാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു.

കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം കേസില്‍ ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നാലെ വെണ്ണലയില്‍ ജോര്‍ജ് സമാനപ്രസംഗം നടത്തിയതോടെ, ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പൊലീസ് തിരുവനന്തപുരം കോടതിയെ സമീപിക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിന്റ തെളിവായി പൊലീസ് സമര്‍പ്പിച്ച സിഡി പരിശോധിച്ചശേഷമാണു കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *