കൊച്ചി: രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച തീക്കാറ്റില്‍ ഇളകിമറിഞ്ഞ തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ വോട്ടുതേടല്‍. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാല്‍ കലാശക്കൊട്ടിന് പതിവിലേറെ ആവേശമായിരുന്നു. കലാശക്കൊട്ടിനായി സ്ഥാനാര്‍ഥികളും നേതാക്കളും അണികളും പാലാരിവട്ടത്താണ് എത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും.
ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍. ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവര്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തില്‍ വികസന ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ പിന്നീട് അന്തരീക്ഷമാകെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളായിരുന്നു.
സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ മുന്നോട്ടുവച്ച് പ്രചാരണത്തിനു തുടക്കമിട്ട എല്‍ഡിഎഫ്, അപകടം മണത്ത് അല്‍പം വഴി മാറി. സില്‍വര്‍ലൈന്‍ വിരുദ്ധ വികാരം സജീവമാക്കി നിര്‍ത്തിയും സ്വന്തം വികസന ചരിത്രം ഓര്‍മിപ്പിച്ചുമായിരുന്നു യുഡിഎഫിന്റെ ബദല്‍ പ്രചാരണം.
പോരിന്റെ മൂര്‍ധന്യത്തില്‍ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരില്‍ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചര്‍ച്ചയായി.
ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകള്‍ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍.
ക്രൈസ്തവര്‍ക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാന്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിനെ ആയുധമാക്കിയതോടെ ബി.ജെ.പിക്കും വീര്യം കിട്ടി. പി.സി.ജോര്‍ജിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്.
