നേപ്പാളില്‍ യാത്രയ്ക്കിടെ അപ്രത്യക്ഷമായ വിമാനം തകര്‍ന്ന നിലയില്‍; യാത്രക്കാരേക്കുറിച്ച് വിവരമില്ല

കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കന്‍ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 പേരേക്കുറിച്ചും വിവരമില്ല.
നേപ്പാളില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. താരാ എയറിന്റെ 43 വര്‍ഷം പഴക്കമുള്ള 9 എന്‍എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. രണ്ടു പേര്‍ ജര്‍മന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്.
മുസ്താങ് ജില്ലയിലെ ജോംസോമില്‍നിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസര്‍ നേത്രാ പ്രസാദ് ശര്‍മ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു. മേഖലയിലെ കാലാവസ്ഥ പ്രതികൂലമായത് തിരച്ചില്‍ ദുഷ്‌കരമാക്കി.
നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 10.15നാണ് വിമാനം പൊഖാരയില്‍നിന്നു പുറപ്പെട്ടത്. 15 മിനിറ്റിനുശേഷം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *