പൂജയ്ക്കിടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചു; ബലമായി പീഡിപ്പിച്ചു; ആള്‍ ദൈവം പിടിയില്‍

പൂനെ: പൂജയിലൂടെ ഭിന്നശേഷിക്കാരനായ മകനെ സുഖപ്പെടുത്താമെന്നും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കി നല്‍കാമെന്നും വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആള്‍ ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി (60) ആണ് പിടിയിലായത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതിയുടെ പരാതിക്കു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
36 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹഡാസ്പര്‍ പോലീസ് ധനഞ്ജയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ മാസം ഇയാള്‍ വീട്ടില്‍ വന്നെന്നും ദുഷ്ടശക്തികളെ പൂജയിലൂടെ അകറ്റാമെന്ന് വിശ്വസിപ്പിച്ച് മുറിയില്‍ കയറ്റിയ ശേഷം ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ദുര്‍മന്ത്രവാദി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
‘2021 ജനുവരിയിലാണ് മന്ത്രവാദിയും യുവതിയും പരിചയപ്പെടുന്നത്. ഏപ്രില്‍ മാസം ദുഷ്ട ശക്തികളെ അകറ്റാമെന്നു വിശ്വസിപ്പിച്ച് ധനഞ്ജയ് വീട്ടിലെത്തി. തുടര്‍ന്ന് മുറിയില്‍ കയറ്റിയ ശേഷം വസ്ത്രങ്ങള്‍ ബലമായി നീക്കം ചെയ്യുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.’ പരാതിയില്‍ പറയുന്നു. പ്രതിക്കെതിരെ ബലാത്സംഗം, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി പോലീസ് വ്യക്തമാക്കി.
ഭര്‍ത്താവിനെയും സഹോദരനെയും റോഡ് അപകടത്തിലൂടെ വകവരുത്തുമെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭിന്നശേഷിക്കാരനായി ജനിപ്പിക്കുമെന്നും ധനഞ്ജയ് ഭീഷണിപ്പെടുത്തി. മെയ് 27ന് സഹോദരനോടൊപ്പമെത്തിയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്. മകന്റെ ശാരീരിക വൈകല്യം മാറുന്നതിനായി ഇയാള്‍ പൂജ നടത്തിയിരുന്നുവെന്നും യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *