അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പിഎ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കുടുംബ ബന്ധത്തെ പൊതുവേദിയില്‍ ആക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിസ്ഥാനം പിഎ മുഹമ്മദ് റിയാസിന് ലഭിച്ചത് മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനമാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മന്‍സൂര്‍ അനുസ്മരണ ചടങ്ങിലാണ് ഷാജിയുടെ പരാമര്‍ശങ്ങള്‍. പൊതുമരാമത്ത് വകുപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും പിഎ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നല്‍കിയതാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവായിരുന്ന പിഎ മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചാണ് മന്ത്രിയായത്. ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ഇദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്.
പാര്‍ട്ടിയെ അക്രമിക്കുന്നവര്‍ക്ക് ഇരുളിന്റെ മറവില്‍ കൈ കൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും ഷാജി വിമര്‍ശിച്ചു. ഇത് മുസ്ലിം ലീഗ് വിട്ട് ഇടത് സഹയാത്രികനായ മുന്‍ മന്ത്രി കെടി ജലീലിന്റെ മക്കളുടെ വിവാഹ ചടങ്ങില്‍, ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിലുള്ള പരോക്ഷ വിമര്‍ശനമായാണ് വിലയിരുത്തപ്പെടുന്നത്. കെടി ജലീലിന്റെ മക്കളുടെ നിക്കാഹിന് കുഞ്ഞാലിക്കുട്ടി പങ്കെടുത്തതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി പുകയുകയാണ്. ഈ സാഹചര്യത്തിലാണ് കെഎം ഷാജിയുടെ പ്രസംഗം.
