ഉയര്‍ന്ന കമ്മീഷന്‍ വേണം: എണ്ണക്കമ്ബനികള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ 70,000 പെട്രോള്‍ പമ്ബുകള്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും കമ്മീഷന്‍ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ എണ്ണക്കമ്ബനികള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യത്തുടനീളമുള്ള 70,000 പെട്രോള്‍ പമ്ബുകള്‍ രംഗത്ത്.

മെയ് 31 ന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളില്‍ നിന്ന് (ഒഎംസി) പെട്രോളും ഡീസലും വാങ്ങില്ലെന്ന് ഈ പെട്രോള്‍ പമ്ബുകളുടെ ഉടമകള്‍ അറിയിച്ചു. രാജ്യത്തെ പെട്രോള്‍ പമ്ബ് ഉടമകളുടെ സംഘടനയായ പെട്രോള്‍ പമ്ബ് ഡീലേഴ്സ് അസോസിയേഷന്‍ ആണ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വില വര്‍ധിപ്പിച്ചതോടെ പെട്രോളിയം കമ്ബനികള്‍ വന്‍ ലാഭം കൊയ്യുന്നുണ്ടെങ്കിലും ഡീലര്‍മാരുടെ കമ്മീഷനില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് പമ്ബുടമകള്‍ പറയുന്നു. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 70,000 പെട്രോള്‍ പമ്ബുകള്‍ ഇന്നേദിവസം കമ്ബനികളില്‍ നിന്ന് ഒരു ദിവസത്തേക്ക് എണ്ണ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചു. പെട്രോള്‍ പമ്ബ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ കമ്ബനികള്‍ തയ്യാറാകാത്തതും, പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന എക്സൈസ് നികുതി സര്‍ക്കാര്‍ കുറച്ചതുമൂലം ഡീലര്‍മാര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ കമ്ബനികള്‍ തയ്യാറാകാത്തതുമാണ് നിലവിലെ പ്രതിഷേധത്തിന് കാരണം.

അഞ്ച് വര്‍ഷം മുമ്ബ് സര്‍ക്കാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ കമ്ബനികള്‍ തയ്യാറായതെന്ന് അറിയിച്ച പെട്രോള്‍ പമ്ബുടമകള്‍, ഇതിനുശേഷം ഒരിക്കല്‍ പോലും കമ്മീഷന്‍ വര്‍ധനവിന് പെട്രോള്‍ കമ്ബനികള്‍ തയ്യാറായില്ലെന്ന് വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്ബ് സര്‍ക്കാരിന്റെ മദ്ധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ആറ് മാസവും ഡീലര്‍ കമ്മീഷന്‍ പുതുക്കാമെന്ന് കമ്ബനികള്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍, ഈ വാക്ക് പാലിക്കാന്‍ ഇവര്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നുമാണ് പെട്രോള്‍ പമ്ബ് ഉടമകള്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *