തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ കേസില്‍ പിടിയിലായ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീംലീഗ് നേതൃത്വം. അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് ലീഗിന്റെ പ്രാഥമികാംഗത്വം പോലുമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗിനെ പ്രതിയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു.
അതേസമയം വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണെന്ന് വി ഡി സതീശന് ആരോപിക്കുന്നു. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പൊലീസ് കൂടി കള്ളം പറയുന്നു. പോളിംഗ് തുടങ്ങിയ സമയത്ത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഐഎം കള്ളക്കഥ മെനയുന്നത്. ആളുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിടിയിലായയാള്‍ ലീഗുകാരനെന്ന് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത് എന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ് ലോഡ് ചെയ്തതെന്നും പൊലീസ് പറയുന്നു.
