പരിയാരം (കണ്ണൂര്‍): പരിയാരം ദേശീയപാതയില്‍ വാഹനാപകടം. പോത്തുകളുമായി പാലക്കാട്ടു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറി റോഡരികിലെ തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒന്‍പത് പോത്തുകള്‍ ചത്തു. 16 പോത്തുകള്‍ പരിക്കേറ്റു. ലോറി ഡ്രൈവര്‍ ഒറ്റപ്പാലം വാണിയംകുളം അങ്ങാടി രാമസ്വാമിയെ(48) ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 2.10 ഓടെ കോരന്‍പീടിക അപകടവളവില്‍ നന്മഠം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. റോഡരികിലെ കാടുമൂടിക്കിടക്കുന്ന കൈവരികളില്ലാത്ത തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. തെറിച്ചുവീണ പോത്തുകള്‍ ലോറിക്കടിയില്‍ കുടുങ്ങിയാണ് ചത്തത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഹൈവേ പോലീസാണ് പരിക്കേറ്റ രാമസ്വാമിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്.
30 പോത്തുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോറിയില്‍ പോത്തുകളെ കുത്തിനിറച്ച് കൊണ്ടുപോയതാണ് ഇത്രയേറെ എണ്ണം ചത്തുപോകാന്‍ ഇടയാക്കിയതെന്ന് സൂചനയുണ്ട്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ നാല് മണിക്കൂറിലേറെ കഠിന പരിശ്രമം നടത്തിയാണ് ചെരിഞ്ഞ നിലയില്‍ തോട്ടില്‍ കിടന്ന ലോറിയില്‍ നിന്നും പോത്തുകളെ രക്ഷിച്ചത്. സ്ഥലത്ത് വൈദ്യുതി നിലച്ചതിനാല്‍ സേനയുടെ രണ്ട് ലൈറ്റുകള്‍ ഉപയോഗിച്ചാണ് അപകടസ്ഥലത്ത് വെളിച്ച സംവിധാനം ഒരുക്കിയത്.
വാഹനത്തില്‍ കയറ്റാവുന്നതിലേറെ പോത്തുകളെ കുത്തിനിറച്ചുകൊണ്ടുവന്നതാണ് ഇത്രയേറെ പോത്തുകള്‍ ചാവാന്‍ ഇടയാക്കിയതെന്നും പോത്ത് ഉടമയുടെ പേരിലും ലോറി ഡ്രൈവറുടെ പേരിലും എസ്പിസിഎ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്‍ഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്്.
