ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ ലതീഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തന്നെയെന്ന് സി പി ഐ എം

മലപ്പുറം: തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തില്‍ പിടിയിലായ അബ്ദുള്‍ ലത്വീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന വാദം ശരിയല്ലെന്ന് സി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകനല്ലെന്ന് ലീഗ് നേതൃത്വത്തിന് അദ്ദേഹത്തിന്റെ നാടായ ഇന്ത്യനൂരില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോ. ഇക്കാര്യത്തില്‍ നാട്ടുകാര്‍ ലീഗിനെ പുച്ഛിച്ച് തള്ളുമെന്ന് ഇ എന്‍ മോഹന്‍ദാസ് വ്യക്തമാക്കി. പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആരോപിച്ച് ലീഗ് നേതൃത്വം കൈയൊഴിയുകയാണ് ചെയ്ത്. എന്നാല്‍ തെറ്റു ചെയ്തവരെ പുറത്താക്കി മാതൃക കാണിക്കേണ്ട പാര്‍ട്ടിയാണ് ലീഗ്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണം. പിടിയിലായ കുറ്റാരോപിതന്‍ ലീഗ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്ന വീഡിയോ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലടക്കം പാര്‍ട്ടിക്ക് പിന്തുണ അര്‍പിച്ച് ഒരുപാട് പോസ്റ്റുകളുണ്ടെന്നും ഇ എന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കണ്ണടച്ച് ഇരുട്ടാക്കിയാല്‍ സത്യം അല്ലാതെ ആകില്ലെന്നും ലതീഫ് ലീഗിന്റെ സൈബര്‍ പോരാളിയാണെന്നും ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *