ആദിവാസി യുവാവിനെ കൂലി നല്‍കാതെ നാല് വര്‍ഷം എസ്റ്റേറ്റില്‍ ജോലിയെടുപ്പിച്ചു; ഉടമയ്ക്കെതിരെ പരാതി, യുവാവിനെ മോചിപ്പിച്ചു

വയനാട്: ആദിവാസി യുവാവിനെ നാല് വര്‍ഷത്തോളം എസ്റ്റേറ്റില്‍ ജോലി ചെയ്യിച്ച്‌ കൂലി നല്‍കാതെ വഞ്ചിച്ചുവെന്ന് പരാതി.

നാല് വര്‍ഷത്തോളം ജോലി ചെയ്തിട്ട് ആകെ 14,000 രൂപയാണ് നല്‍കിയത്. യുവാവിന് ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കിയില്ലെന്നും പരാതിയുണ്ട്. നാട്ടുകാര്‍ ഇടപെട്ട് രാജുവിനെ മോചിപ്പിച്ച്‌ വീട്ടിലെത്തിച്ചു. രാജുവിന്റെ അമ്മ അമ്ബലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആണ്ടൂര്‍ കാട്ടുനായ്ക്ക കോളനിയിലെ രാജു (30) വിനെ നാസര്‍ എന്നയാള്‍ നാല് വര്‍ഷത്തോളം കൂലി നല്‍കാതെ എസ്റ്റേറ്റില്‍ ജോലി ചെയ്യിച്ചുവെന്നാണ് പരാതി. കൂലിയായി ദിവസം 300 രൂപ നല്‍കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നാല് വര്‍ഷത്തിനിടെ തനിക്ക് ലഭിച്ചത് 14,000 രൂപ മാത്രമാണെന്ന് രാജു പറയുന്നു. കൃഷിയിടത്തില്‍ വിശ്രമം നല്‍കിയില്ലെന്നും കിടക്കാന്‍ ഇടം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. രാവിലെ എട്ട് മണിമുതല്‍ രാത്രി ഏഴ് മണിവരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് രാജു പറഞ്ഞു.

: കണ്ണൂര്‍ പേരാവൂരില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ച്‌ മകന്‍, നിലത്തിട്ട് ചവിട്ടി; മകന്‍ പോലീസ് കസ്റ്റഡിയില്‍

കൊടുവള്ളിയിലുള്ള എസ്റ്റേറ്റിലേക്കും രാജുവിനെ ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. അന്നും കൂലി കൃത്യമായി നല്‍കിയില്ല. കൂലി ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ആണ്ടൂര്‍ ചീനപ്പുല്ലിലെ എസ്റ്റേറ്റില്‍ രാജുവിനെ കണ്ട ആണ്ടൂര്‍ ടൗണ്‍ ടീം വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് രാജുവിനെ വീട്ടിലെത്തിച്ചത്. രാജുവിന്റെ അമ്മ അമ്മു തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടാത്തതിനാല്‍ വലിയ ആശങ്കയിലായിരുന്നു ഇവര്‍. എന്നാല്‍, രാജു കുറച്ചുകാലമായി തന്റെ കൂടെയുണ്ടെന്നും ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടു നടന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമ നാസര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *