മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള സ്വപ്‌നയുടെ മൊഴി വിവാദമുയര്‍ത്തുന്നു

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് കൊച്ചി കോടതിയില്‍ നല്കിയ രഹസ്യ മൊഴി സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുന്നു.
സ്വപ്‌നയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നല്കിയ വെളിപ്പെടുത്തലില്‍ നിന്ന്;
എനിക്കെതിരെയുള്ള കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സി എം രവീന്ദ്രന്‍, മുന്‍ മന്ത്രി കെ ടി ജലീല്‍, നളിനി നേറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം മൊഴിയില്‍ നല്കിയിട്ടുണ്ട്.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ഗള്‍ഫില്‍ പോയപ്പോഴാണ് ശിവശങ്കര്‍ തന്നെ ബന്ധപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കാനും വിമാനത്താവളത്തില്‍ സൗകര്യമൊരുക്കുന്നതിനുമാണ് വിളിച്ചത്.
പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ അറിയിച്ചു. ആ ബാഗ് കോണ്‍സുലേറ്റിന്റെ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നപ്പോള്‍ അതില്‍ കറന്‍സി ആണെന്ന് മനസ്സിലായി. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
അതിനൊപ്പം ജവഹര്‍ നഗറില്‍നിന്ന് കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങള്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. ഇതില്‍ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെ പല കാര്യങ്ങളിലും രഹസ്യമൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം വെളിപ്പെടുത്താനാകില്ല. സമയമാകുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും.’ കോടതിയില്‍ മൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങളെ കണ്ട സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവര്‍ സ്വപ്‌നയുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *