പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫല്‍റ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കൊണ്ടുപോയത്.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷന്‍ കേസില്‍ സരിത്തും പ്രതിയാണ്.
സരിത്തിപ്പോള്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലന്‍സ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്.
സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.താന്‍ മാധ്യമങ്ങളെ കണ്ട ശേഷമാണ് സംഭവമെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. കാറില്‍ എത്തിയ സംഘമാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്നും പൊലീസല്ലെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു.
പൂജപ്പുര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 ആണ് ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കില്‍ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോള്‍ പൊലീസിന്റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കില്‍ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
