മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌ അപമാനകരം: കാനം രാജേന്ദ്രന്‍

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌ ഏറെ അപമാനമുണ്ടാക്കുന്നതാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിക്കുപോലും ഇത്തരത്തിലുള്ള ഭീഷണി നേരിടേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള എല്ലാ സ്വാതന്ത്രവും എല്ലാവര്‍ക്കുമുണ്ട്‌. എന്നാല്‍, എല്ലാ അതിരും വിട്ടുള്ള പ്രവര്‍ത്തനങ്ങളെ ജനാധിപത്യ വിശ്വാസികള്‍ അപലപിക്കണം.

ഏതാനും ദിവസങ്ങളായി നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ എന്തിനാണെന്ന്‌ മനസിലാകുന്നില്ല. കേന്ദ്രഏജന്‍സികള്‍ രണ്ടുവര്‍ക്കാലം അന്വേഷിച്ച്‌, തെളിവില്ലാത്തതിനാല്‍ ഉപേക്ഷിച്ച കേസിലെ കുറ്റാരോപിത നടത്തിയ വെളിപ്പെടുത്തലാണ്‌ പ്രതിഷേധക്കാരുടെ അടിസ്ഥാനം. ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ പൊതുസമൂഹത്തോട് കാനം അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്നെ ഒരാളും പ്രതിഷേധിക്കാന്‍ വരില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം ചീക്കിലോട് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അവസരം കാത്തു കിടക്കുകയാണ് ചില കൂട്ടര്‍. കലാപമുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാമെന്ന് കരുതിയാല്‍ കേരളം വഴങ്ങില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വലതുപക്ഷ ഗൂഢാലോചനയാണ് സമരത്തിന് പിന്നില്‍.

വിമോചന സമരകാലത്തേക്കാള്‍ ശക്തമായ രീതിയില്‍ കോപ്പു കൂട്ടാനാണ് ശ്രമം. മുഖ്യമന്ത്രിമാര്‍ക്ക് സംരക്ഷണം നല്‍കുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ഉമ്മന്‍ ചാണ്ടി പട്ടാളത്തിന്റെ അകമ്ബടിയോടെയാണ് പത്ത് ദിവസം സെക്രട്ടറിയറ്റ് കണ്ടതെന്നും കോടിയേരി പറഞ്ഞു.

അതേസമയം വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സ്തംഭിച്ച്‌ നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ അക്രമിക്കുമായിരുന്നു. വി ഡി സതീശന്‍ ഇതില്‍ മറുപടി പറയണം.

അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന്‍ ആരോപിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യംവച്ച്‌ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച്‌ പാഞ്ഞടുത്തു.

അപ്പോഴേക്കും ഇടനാഴിയുടെ നടുവില്‍വച്ച്‌ ഞാന്‍ തടഞ്ഞു. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിത്’ – ഇ പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *