കര്‍ഷക നിയമം പോലെ അഗ്നിപഥ് പദ്ധതിയും പ്രധാനമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വരും- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകരുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ കര്‍ഷകരോട് മാപ്പ് പറയേണ്ടി വന്ന പ്രധാനമന്ത്രിക്ക് ഇത്തവണയും രാജ്യത്തെ യുവാക്കളോട് മാപ്പ് പറയേണ്ടി വരുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി എട്ട് വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ ‘ജയ് ജവാന്‍, ജയ് കിസാന്‍’ മൂല്യങ്ങളെ അവഹേളിച്ചു. പ്രധാനമന്ത്രിക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാനരീതിയില്‍ അഗ്നീപഥ് വിഷയത്തിലും അദ്ദേഹത്തിന് രാജ്യത്തെ യുവാക്കള അനുസരിച്ച്‌ ഉത്തരവുകള്‍ തിരിച്ചെടുക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

തൊഴില്‍രഹിതരായ യുവാക്കളുടെ വേദനയും നിരാശയും സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്നും അവരെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.

17നും 21നുമിടയില്‍ പ്രായമുള്ള യുവാക്കളെ നാലുവര്‍ഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുഴമന്നും അതില്‍ 25 ശതമാനം പേര്‍ക്ക് സ്ഥിരനിയമനം നല്‍കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. അഗ്നിപഥ് എന്ന് പേരിട്ട് പദ്ധതി പ്രകാരം നാലുവര്‍ഷം സേവനം ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ന്നും പ്രവര്‍ത്തിക്കാനാകുക. അല്ലാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെന്‍ഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ഹ്രസ്വകാല നിയമനങ്ങള്‍ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉന്നത സൈനികര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *