കൊളംബോ: ഇന്ധനക്ഷാമം അതിരൂക്ഷമായി തുടരവെ,സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വര്‍ക് ഫ്രം ഹോം നല്കി ശ്രീലങ്കന്‍ ഭരണകൂടം.
ഏഴു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരത്തിലെ വന്‍ ഇടിവാണ് രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥ തകര്‍ത്തത്. പണമില്ലാത്തതിനാല്‍ എണ്ണ ഇറക്കുമതി തടസ്സപ്പെട്ടു. കരുതല്‍ ശേഖരത്തിലുള്ള പെട്രോളും ഡീസലും ദിവസങ്ങള്‍ക്കുള്ളില്‍ കാലിയാവുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കൊപ്പം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുമാണ് രാജ്യത്തെ സമ്ബദ് വ്യവസ്ഥ തകര്‍ത്തത്. 1948 ന് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് 2.2കോടിയോളം വരുന്ന ലങ്കന്‍ ജനത ഇത്രയേറെ പ്രതിസന്ധിയനുഭവിക്കുന്നത്. ”ഇന്ധനക്ഷാമം മൂലം പൊതുവാഹനങ്ങള്‍ അപൂര്‍വമായേ സര്‍വീസ് നടത്താറുള്ളൂ. എണ്ണ കിട്ടാക്കനിയായതിനാല്‍ സ്വകാര്യ വാഹനങ്ങളും റോഡിലിറക്കാന്‍ കഴിയില്ല. അതിനാലാണ് ഒരു വിഭാഗം ജീവനക്കാരോട് രണ്ടാഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്”-ശ്രീലങ്കന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹോം അഫേഴ്സ് മന്ത്രാലയം അറിയിച്ചു.
10 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അവശ്യസര്‍വീസായ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഓഫിസുകളില്‍ നേരിട്ടെത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമെന്നോണം ഈയാഴ്ച തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാലായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം തിങ്കളാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ സര്‍ക്കാര്‍. വരുംമാസങ്ങളില്‍ 50 ലക്ഷം ശ്രീലങ്കക്കാരെ ഭക്ഷ്യക്ഷാമം നേരിട്ടുബാധിക്കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
