കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേടില്‍ പൊലീസ് കേസെടുത്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി.
ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സെക്രട്ടറി ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചു. നഗരസഭ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്ബര്‍ നല്‍കിയ സംഭവം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്ബര്‍ നല്‍കിയതെന്നായിരുന്നു കോര്‍പറേഷന്‍റെ വിശദീകരണം. തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. കൃത്രിമം നടന്ന കാര്യം ആറ് മാസം മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടും അന്ന് നടപടി സ്വീകരിച്ചില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. സെക്രട്ടറിയെ മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
സെക്രട്ടറി നല്‍കിയ പരാതിയില്‍ ടൌണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ രേഖ നിര്‍മ്മാണം, ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടാണ് ക്രമക്കേടിന് പിന്നിലെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
