കണ്ണൂര്‍: അച്ചടക്ക നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് ഇതില്‍ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ല. ശവം തീനിയും അഴിമതിക്കാരനും കെ സുധാകരനാണ്. കോണ്‍ഗ്രസ് രക്തസാക്ഷികളുടെ ഫണ്ട് തട്ടുന്നത് സുധാകരനാണെന്നും സി പി എം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
