മരിച്ചത് ഹൃദയസ്തംഭനം മൂലം; ആരോഗ്യസ്ഥിതി മോശമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സുരേഷിന്റെ ബന്ധു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കലിനിടെ കാരക്കോണം സ്വദേശി സുരേഷ് (54) മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് സുരേഷിന്റെ ബന്ധു അനില്‍കുമാര്‍. ശസ്ത്രക്രിയയില്‍ കാലതാമസമുണ്ടായോ എന്നതില്‍ തെളിവില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധു പറഞ്ഞു.
‘ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രോഗി മരിച്ചതില്‍ വീഴ്ചയുണ്ടായില്ലെന്നും രോഗിയെ സജ്ജമാക്കുന്നതിനുളള സമയം മാത്രമേ എടുത്തിട്ടുളളുവെന്നും നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. സുരേഷിനെ വീട്ടില്‍ നിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുളള സങ്കീര്‍ണതയാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു’ അനില്‍കുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *