ജിദ്ദ: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്ന 16 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നിവയാണ് യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയ മറ്റ് മൂന്ന് രാജ്യങ്ങള്‍. ലോക രാജ്യങ്ങളിലെ കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്തി സൗദി ആരോഗ്യ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇന്തോനേഷ്യ, ലബനന്, യമന്‍, സിറിയ, ഇറാന്, സൊമാലിയ, അഫ്ഗാനിസ്താന്, വെനസ്വേല, അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് നിലവില്‍ സൗദി പൗരന്മാര് യാത്ര നടത്താന്‍ പാടില്ലാത്ത ബാക്കി രാജ്യങ്ങള്‍. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിരുന്നെങ്കിലും ഇടക്കാലത്ത് ഒഴിവാക്കുകയും വീണ്ടും നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു. ആ നിരോധനവും ഇന്നത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോടെ ഒഴിവായി.
