മലപ്പുറം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് മുസ്‍ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍.
സമൂഹമാധ്യമങ്ങളിലെ തനിക്കെതിരായ ദുഷ്പ്രചാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്നേഹബോധി എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആശംസ പറയാന്‍ മാത്രമായിരുന്നു പോയത്. സിനിമ സംവിധായകന്‍ രഞ്ജി പണിക്കരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു. അത് ആര്‍.എസ്.എസ് സംഘടപ്പിച്ച പരിപാടിയല്ല.
പരിപാടിയില്‍ മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചത്. മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കുമിടയില്‍ ഐക്യം വേണമെന്ന് കുറേക്കാലമായി താന്‍ പറയുന്നുണ്ടെന്നും കെ.എന്‍.ഖാദര്‍ പറഞ്ഞു. സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. മുസ്‍ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മതസൗഹാര്‍ദ സദസ്സുകളില്‍ എല്ലാ വിഭാഗം ആളുകളും എത്തുന്നുണ്ട്. നമ്മള്‍ വിളിച്ചാല്‍ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്നും ക്ഷണം ലഭിച്ചാല്‍ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും കെ.എന്‍.എ ഖാദര്‍ വിശദീകരിച്ചു.
ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുസ്‍ലിം ലീഗ് മുന്‍ എം.എല്‍.എ പങ്കെടുത്തത്. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ പറഞ്ഞിരുന്നു.
