ഹിജാബ് അനുവദിക്കില്ല: കോളേജില്‍ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാര്‍ത്ഥികള്‍

മംഗളൂരു: കോളേജില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടിസി വാങ്ങി മുസ്ലീം വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് നിരോധനത്തിനെതിരെ ഇവര്‍ പ്രതിഷേധിച്ചിരുന്നു. മംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ കോളേജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ കോടതി വിധി ചൂണ്ടിക്കാട്ടി ഇത് അനുവദിക്കാനാകില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ ടിസി വാങ്ങി മറ്റ് കോളേജില്‍ ചേരാന്‍ തീരുമാനിച്ചത്. മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ നിയന്ത്രണമില്ലാത്ത മറ്റ് കോളേജുകളില്‍ ചേരാന്‍ അവര്‍ക്ക് അവസരം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മംഗളൂരുവിലെ ഹമ്പക്കട്ട ക്യാമ്പസിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പെണ്‍കുട്ടികളാണ് എത്തിയത്. ഇവര്‍ ഇതുസംബന്ധിച്ച് വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ക്ക് എന്‍ഒസി നല്‍കിയെന്നും ഒരാള്‍ക്ക് ടിസി നല്‍കിയെന്നും കോളേജ് പ്രിന്‍സിപ്പല്‍ അനസൂയ റായ് പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എംഎസ്സി (കെമിസ്ട്രി) മുസ്ലീം വിദ്യാര്‍ത്ഥിയും അനാരോഗ്യം ചൂണ്ടിക്കാട്ടി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടെന്ന് റായ് പറഞ്ഞു. എന്‍ഒസി വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളില്‍ ചേരാന്‍ സഹായിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി, ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ തള്ളിയിരുന്നു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യമായ ആചാരത്തിന്റെ ഭാഗമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *