സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായതെന്ന് കെ.
മുരളീധരന്‍ എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യമെന്നും വയനാട്ടിലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും അവര്‍ ബിജെപിയെ സന്തോഷിപ്പിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ ഓഫീസിലെ മഹാത്മജിയുടെ ചിത്രം പോലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഭവത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനുമാണ് ഉത്തരവാദിത്തമെന്നും ഇതിന്റെ പേരില്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിഷേധം തടയില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കാര്യം യു.ഡി.എഫ് പരിഗണനയിലുണ്ട്. ഇതിനെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതത്തിന് കോണ്‍ഗ്രസ് ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എസ്.എഫ്.ഐ ആക്രമണം സിപിഎം നേതൃത്വത്തിന്റ അറിവോടെയാണെന്നും മുരളീധരന്‍ ആരോപിച്ചു. പരിസ്ഥിതി ലോല മേഖല പ്രശ്‌നത്തില്‍ ഒരു സര്‍വകക്ഷി യോഗം പോലും സര്‍ക്കാര്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപെടാനുള്ള പദ്ധതിയൊരുക്കുകയായിരുന്നു സിപിഎമ്മെന്നും കേരള പൊലീസ് ഗുണ്ടാസംഘമായി മാറിയെന്നും കെ മുരളീധരന്‍ ആരോപിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ ഇന്നലെ വൈകീട്ടും രാത്രിയുമായി വയനാട്ടില്‍ പ്രതിഷേധം നടന്നിരുന്നു. ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ഓഫീസ് സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ വയനാട്ടില്‍ വിപുലമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. വൈകുന്നേരം മൂന്ന് മണിയോടു കൂടെയാണ് പ്രതിഷേധ പരിപാടിയുണ്ടാവുക.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. എസ്‌എഫ്‌ഐ അക്രമത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തില്‍ രണ്ട് ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്ബ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
