സുപ്രിംകോടതിയിലും ആര്‍എസ്‌എസ് പിടി മുറുക്കിയെന്ന് എംഎ ബേബി

കോഴിക്കോട്: ഗുജറാത്ത് കൂട്ടക്കൊലപാതകത്തില്‍ ഇരകള്‍ക്കായി സംസാരിച്ച ടീസ്റ്റ സെറ്റല്‍വാദും ആര്‍ബി ശ്രീകുമാറും നീതിക്കായി കോടതി കയറിയിറങ്ങുമ്ബോള്‍ മൂന്നു സുപ്രിംകോടതി ജഡ്ജിമാര്‍ അവരെ ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി.

നാളെ ഒരുപക്ഷേ, ലീഗല്‍ ടെററിസം (നീതിന്യായ തീവ്രവാദം) എന്നൊരു വാക്കു തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കേളു എട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ആര്‍എസ്‌എസിന്റെ കേരള അജണ്ടയും മാധ്യമങ്ങളും എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഗാന്ധിജിയുടെ ചോര പുരണ്ട കൈകളുമായി എതിരാളികളെ നേരിടുന്ന ആര്‍എസ്‌എസ്, ഭരണകൂട സംവിധാനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയാണ്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി പ്രസിഡണ്ട് ഒപ്പിട്ടതാണ്. ഇതോടെ ഒരാള്‍ക്ക് പൗരത്വം നല്‍കാനോ നിഷേധിക്കാനോ മതം മാനദണ്ഡമായിക്കൂടാ എന്ന ഭരണഘടനയുടെ ഉദാത്ത ആശയത്തെ കൊന്നു കുഴിച്ചുമൂടിയിരിക്കുകയാണ് മോദി ഭരണകൂടം. ഇവിടെ മതം മാനദണ്ഡമായി വന്നുകഴിഞ്ഞു. ഇതു ഭരണഘടനാപരമാണോ എന്നൊരു ചോദ്യം സുപ്രിംകോടതിയുടെ മുമ്ബില്‍ ഉന്നയിച്ചിട്ട് വര്‍ഷങ്ങളായി.’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രിംകോടതി ജഡ്ജിമാര്‍ക്കെന്താണ് പണിയെന്നു ചോദിക്കാന്‍ പൗരന് അവകാശമുണ്ടെന്നും ബേബി പറഞ്ഞു. ‘സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് എന്താണ് പണി? ഇതു ചോദിക്കാനുള്ള അവകാശം നിങ്ങള്‍ക്കും എനിക്കുമുണ്ട്. ഇവര്‍ക്കു കൊടുക്കുന്ന ശമ്ബളം ഈ രാജ്യത്തുനിന്ന് പിരിക്കുന്ന എന്റെയും നിങ്ങളുടെയും നികുതിയാണ്. മാധ്യമ സംവിധാനത്തിലും ആര്‍എസ്‌എസിന്റെ പിടി വീണു. ഉടമസ്ഥാവകാശം വീണ്ടെടുക്കല്‍, മാധ്യമങ്ങളില്‍ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റല്‍, മാധ്യമങ്ങളുടെ ലൈസന്‍സ് നല്‍കുമ്ബോഴുള്ള ഇടപെടല്‍ ഇവയൊക്കെയാണ് ഇക്കൂട്ടരുടെ രീതി’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *