പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.

കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്ബ് കൃഷ്ണ കൃപയില്‍ മുകേഷിനാണ് (35) കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ. അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷ നിയമം 307,324, 323,341 വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷത്തെ കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2018 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാര്‍ത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടില്‍ നിന്ന് നടക്കാവിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വീടിന്റെ സമീപത്തുള്ള റോഡില്‍ വെച്ച്‌ പ്രതി വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പികയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി മുകേഷ് പിന്നീട് 2018 ജൂലൈ അഞ്ചിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *