‘വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നു’; നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡെല്‍ഹി: വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി.

കൊവിഡിന് ശേഷം വിമാന കമ്ബനികള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നില്ല. വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വര്‍ധനയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും കേരളത്തിനുമിടയിലുള്ള യാത്രാക്കൂലി 300 മുതല്‍ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വ്യോമയാനമന്ത്രി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ഉന്നയിച്ചു.

വിമാന കമ്ബനികള്‍ മുഴുവന്‍ വിമാനങ്ങള്‍ ഇറക്കി സര്‍വീസ് പുനരാരംഭിക്കണം. വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാകണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *