ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് കോസ്വേ വഴി മദ്യം കടത്തിയ കേസ് : മലയാളിക്ക് 11 കോടിയോളം രൂപ പിഴ

ദമ്മാം: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറില്‍ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപ (5265180 സൗദി റിയാല്‍) പിഴ.

ഒപ്പം നാടുകടത്തല്‍ ശിക്ഷയും. ഇത്തരം കേസില്‍ സൗദിയില്‍ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മൂന്ന് മാസം മുമ്ബാണ് ദമ്മാം കിങ് ഫഹദ് കോസ്വേയില്‍ കസ്റ്റംസ് പരിശോധനക്കിടയില്‍ ഇയാള്‍ നാലായിരത്തോളം മദ്യക്കുപ്പികള്‍ നിറച്ച ട്രെയിലറുമായി പിടിയിലായത്.

ഷാഹുല്‍ മുനീറിനെ ജയിലില്‍ അടച്ചു. ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ എതിരായതിനാല്‍ ശിക്ഷ വിധിക്കുകയായിരുന്നു. പിടികൂടിയ മദ്യത്തിന്‍റെ അളവിനനുസരിച്ചാണ് പിഴ സംഖ്യ ഈടാക്കുന്നത്. ഇത്രയും ഭീമമായ തുക പിഴ അടച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരും.

പിഴയടച്ചാല്‍ സൗദി അറേബ്യയില്‍ പുനഃപ്രവേശ വിലക്കോടെ നാടുകടത്തുകയും ചെയ്യും. വിധികേട്ട് പൊട്ടിക്കരയുകയായിരുന്നു പ്രതിയെന്ന് കോടതിയിലെ പരിഭാഷകനായ മുഹമ്മദ് നജാത്തി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കാന്‍സര്‍ ബാധിതനാണന്നും സഹോദരന്‍റേതുള്‍പ്പടെ ചികിത്സക്കായി സുഹൃത്തിന്‍റെ സഹായം തേടിയ താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും ഷാഹുല്‍ മുനീര്‍ കരഞ്ഞുകൊണ്ട് കോടതിയോട് പറഞ്ഞു. എന്നാല്‍ പ്രത്യക്ഷ തെളിവുകള്‍ എതിരായതിനാലാണ് ഇത്രയും വലിയ തുക പിഴ വിധിച്ചതെന്നും നജാത്തി പറഞ്ഞു. മദ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായിട്ടായിരിക്കും ഇത്രയും വലിയ തുക ശിക്ഷ വിധിക്കുന്നതെന്ന് നജാത്തി വ്യക്തമാക്കി.

ഷാഹുല്‍ മുനീറിെന്‍റ അപേക്ഷ കേട്ട കോടതി ഒരു മാസത്തിനുള്ളില്‍ അപ്പീല്‍കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യപ്പട്ടു. ദമ്മാമിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ ശിക്ഷയനുഭവിക്കുന്ന 180 ഓളം ഇന്ത്യക്കാരില്‍ പകുതിയിലധികം ആളുകളും മദ്യക്കടത്തുമായി ബന്ധപ്പെട്ടവരാണന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പറഞ്ഞു. അതില്‍ അധികവും ബഹ്റൈനില്‍ നിന്ന് മദ്യം കടത്തുന്നതിനിടയില്‍ പിടിക്കപ്പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *