
ഹൈദരാബാദ്: ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകം തടയുന്നതില്‍ വീഴ്ച വരുത്തിയ രാജസ്ഥാന്‍ പൊലീസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ഉദയ്പൂര്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു… മൗലികവാദം വ്യാപിക്കുകയാണ്… നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം, സസ്പെന്‍ഷന്‍ മാത്രം മതിയാകില്ല’ -ഉവൈസി ഭോപ്പാലില്‍ മാധ്യമങ്ങളോട് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് തയ്യല്‍കടക്കാരനായ കനയ്യ ലാലിനെ രണ്ടുപേര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ കൊലപാതകികളെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കരുതലുകളുടെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷ ശരക്തമാക്കിയിട്ടുണ്ട്.