അഗ്നിപഥ് പദ്ധതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; അടുത്തയാഴ്ച വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: സൈന്യത്തിലെ റിക്രൂട്മെന്റ് സംബന്ധിച്ച കേന്ദ്രസര്‍കാരിന്റെ പുതിയ പദ്ധതിയായ ‘അഗ്നിപഥ്’ വിഷയം സുപ്രീം കോടതിയിലെത്തി. അഭിഭാഷകന്‍ എം എല്‍ ശര്‍മയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. രണ്ട് വര്‍ഷമായി വ്യോമസേനയില്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ തങ്ങളുടെ 20 വര്‍ഷത്തെ കരിയര്‍ നാല് വര്‍ഷമായി ചുരുങ്ങുമെന്ന ആശങ്കയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

‘അഗ്നിപഥ് സ്കീമിലെ നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാണ്, പ്രത്യേകിച്ച്‌ വ്യോമസേനയില്‍ ചേരാന്‍ തയ്യാറെടുക്കുന്ന യുവാക്കളുടെ. 2017 മുതല്‍ 70,000 ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി. പരിശീലനത്തിന് ശേഷം നിയമന കത്ത് അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇപ്പോള്‍ ഈ പദ്ധതി കൊണ്ടുവന്നു’, ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങി പല സംസ്ഥാനങ്ങളിലും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം പ്രതിഷേധങ്ങള്‍ ഉയരുകയും കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ വസ്തുവകകള്‍ നശിപ്പിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. പദ്ധതിക്കെതിരായ പ്രക്ഷോഭം തണുത്തതിന് പിന്നാലെയാണ് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *