നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കാമെന്ന് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്കായി അയക്കാന്‍ അനുമതി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി.

ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് വിചാരണ കോടതി ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയക്കണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഹരജിയില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതായി നേരത്തെ പരിശോധനയില്‍ വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന്‍റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അതാരാണ് എന്നും ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടില്‍ ഈ ഹരജി വിചാരണ കോടതി തള്ളി. ഇതേതുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ എത്തിയത്.

പ്രോസിക്യൂഷന്‍റെ ആവശ്യത്തിനെതിരെ ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിന്‍റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ വിചാരണ അട്ടിമറിക്കാനും വൈകിപ്പിക്കാനുമുള്ള പ്രോസിക്യൂഷന്‍റെ ആസൂത്രിത നീക്കമാണിതെന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍, തങ്ങള്‍ക്ക് മൂന്നു ദിവസം മാത്രം മതി പരിശോധനക്ക് എന്നായിരുന്നു ഇതിന് പ്രോസിക്യൂഷന്‍ മറുപടി. ഇതാണ് ഹൈകോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *