കൊല്‍ക്കത്ത: ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണം അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണെന്നും മമത പ്രതികരിച്ചു.
ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഉടന്‍ തകരുമെന്ന് മമത അവകാശപ്പെട്ടു. മഹാരാഷ്ട്രയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി.ജെ.പി പണത്തെയും കേന്ദ്ര ഏജന്‍സികളെയും ഉപയോഗിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.
ശിവസേന എം.എല്‍.എമാരെ അസമിലേക്ക് കടത്തി അവര്‍ക്ക് പണമുള്‍പ്പടെ പലതും എത്തിച്ച് കൊടുത്തു. പക്ഷെ തന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പി അധികാരം ദുരുപയോഗം ചെയ്തതിനാല്‍ ഈ സര്‍ക്കാര്‍ അധിക കാലം തുടരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമായ സര്‍ക്കാരാണ്. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കാം. പക്ഷെ ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല- മമത പറഞ്ഞു.
വിമത എം.എല്‍.എമാര്‍ക്ക് അസമില്‍ ഇത്രയും വലിയ ആഡംബര ജീവിതം നല്‍കാന്‍ ബി.ജെ.പിക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും മമത ചോദിച്ചു. പണത്തിന് പുറമേ അവര്‍ക്ക് എന്തെല്ലാം വിതരണം ചെയ്തുവെന്ന് പോയന്വേഷിക്കൂ. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിയെ പുറത്താക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
