ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ എന്തിന് സത്യപ്രതിജ്ഞ ചെയ്തു; സജി ചെറിയാനെ പുറത്താക്കണമെന്ന് കെ സുധാകരന്‍

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. രാജ്യത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാന്‍. ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സജി ചെറിയാന്‍ രാജിവയ്ക്കണം. മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കില്‍, കോണ്‍ഗ്രസ് പ്രക്ഷോപത്തെ നേരിടേണ്ടിവരും. മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടോ എന്ന് തനിക്കറിയില്ല, സിപിഐഎമ്മിലെ ബുദ്ധിയുള്ള ആളുകള്‍ സജി ചെറിയാനെ തിരുത്തണം. ബാലകൃഷ്ണന് കഴിയാത്തപ്പോള്‍ സജി ചെറിയാന് എങ്ങനെ തുടരാന്‍ സാധിക്കുമെന്നും സുധാകരന്‍ ചോദിച്ചു.

ഭരണഘടനയെ അംഗീകരിക്കാത്ത രണ്ടു പാര്‍ട്ടികളില്‍ ഒന്നാണ് സിപിഐഎം. രണ്ടാമത്തെ പാര്‍ട്ടി ആര്‍എസ്എസ്സാണ്. സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും സിപിഐഎം അംഗീകരിച്ചിട്ടില്ല. നാടിനൊപ്പം ചേര്‍ന്ന് രാജ്യത്തോടു കൂറു കാണിക്കണമെന്ന് സിപിഐഎം നേതാക്കളോട് ആവശ്യപ്പെടുന്നു. സാധിക്കുന്നില്ലെങ്കില്‍ രാജ്യത്ത് തുടരാന്‍ കഴിയില്ല. സജി ചെറിയാന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോ എന്ന് യെച്ചൂരി പറയണമെന്നും കെ സുധാകരന്‍ കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *