ജിദ്ദ: ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ സുരക്ഷക്ക് തടസ്സമാവുന്ന ഏതെങ്കിലും നടപടി ഉണ്ടായാല്‍ കര്‍ശനമായി തടയുമെന്ന് ഹജ്ജ് സുരക്ഷസേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസാമി പറഞ്ഞു.
ഹജ്ജ് സുരക്ഷസേന മേധാവികളുടെ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിന്റെ സുരക്ഷ നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രി രണ്ടു സുരക്ഷ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
നിയമലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളുടെ മുഴുവന്‍ അതിര്‍ത്തി ഭാഗങ്ങളിലും സുരക്ഷസേന വലയം ചെയ്തിട്ടുണ്ട്. ഹജ്ജ് വ്യവസ്ഥകള്‍ ലംഘിച്ചതിന് സൗദി പൗരന്മാരും താമസക്കാരുമായ 288 പേരെ അറസ്റ്റ് ചെയ്യുകയും 63 വ്യാജ ഹജ്ജ് സംഘാടകരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയുണ്ടാകും. ജംറകളിലെ കല്ലേറിനു പോകുമ്ബോഴും വിടവാങ്ങല്‍ ത്വവാഫ് വേളയിലും തീര്‍ഥാടകര്‍ സമയക്രമം പാലിച്ചിരിക്കണം. നിയമാനുസൃതമല്ലാത്ത രീതിയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പ്രവര്‍ത്തിക്കുന്ന 2,062 താമസലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ പെര്‍മിറ്റ് നേടാത്ത 99,792 പേരും പിടിയിലായിട്ടുണ്ട്. അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കൊണ്ടുവന്ന 69,663 വാഹനങ്ങള്‍ തിരിച്ചയച്ചിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷസേന മേധാവി പറഞ്ഞു.
പുണ്യസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ റോഡിലും സിവില്‍ ഡിഫന്‍സിനെ വിന്യസിച്ചതായി ഹജ്ജ് സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഡോ. ഹമൂദ് ബിന്‍ സുലൈമാന്‍ അല്‍ഫറജ് വ്യക്തമാക്കി. തീര്‍ഥാടകര്‍ കടന്നുപോകുന്ന റോഡുകളുടെയും താമസസ്ഥലങ്ങളുടെയും സുരക്ഷ പരിശോധനക്കും അഗ്നിപ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പുവരുത്താനും പ്രത്യേക സംഘങ്ങളുണ്ടെന്നും സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ പറഞ്ഞു. തിരക്ക് കുറക്കാന്‍ ഹറമിന്റെ തെക്കു ഭാഗത്തും പൊതുഗതാഗത സ്റ്റേഷനുകളിലും അടിയന്തര സേനയുടെ സാന്നിധ്യമുണ്ടാകുമെന്ന് പ്രത്യേക അടിയന്തര സേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ മഖ്ബൂല്‍ അല്‍അംറി പറഞ്ഞു. ഹറമിലും പുണ്യസ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിലും സേനയുടെ പങ്കാളിത്തമുണ്ടാകും.
വിദേശത്ത് നിന്നുള്ള തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായതായി ഹജ്ജ് പാസ്പോര്‍ട്ട് സേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ സ്വാലിഹ് അല്‍ മുറബഅ് പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയവും സിവില്‍ ഏവിയേഷനും ഹജ്ജിനുശേഷം തീര്‍ഥാടകരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും കമാന്‍ഡര്‍ പറഞ്ഞു.
